2010, ജൂൺ 26, ശനിയാഴ്‌ച

അമ്മക്കും അമ്മൂമ്മക്കും ചക്കരഉമ്മ

3 ഇഷ്ടമുള്ള നമ്പറാണ്. ഭാഗ്യനമ്പറാണ് മൂന്ന് എന്ന് പറയാറുണ്ടെങ്കിലും ഭാഗ്യത്തിനും ഭാഗ്യക്കേടിനും വഴിയൊരുക്കിയിട്ടുണ്ട്. 12.6.1938 എന്‍റെ ജന്മദിനമാണ്. ഇത്തവണത്തെ 'അസാധു' ഒരുക്കുന്നത് ജൂണ്‍ 12 ദിനത്തിലാണ്. എന്‍റെ എഴുപത്തിരണ്ടാം ജമ്നദിനം. മാതാപിതാക്കള്‍, രണ്ടു സഹോദരന്മാര്‍, ഒരു സഹോദരി ഇവര്‍ക്കെല്ലാം ആയുസ്സ് കുറവായിരുന്നു. അറുപതു വയസ്സിനപ്പുറം ഞാന്‍ കടന്നു പോകില്ലെന്ന് ജ്യോത്സ്യന്മാര്‍ പലരും പറഞ്ഞത് ഞാന്‍ വിശ്വസിച്ചിരുന്നു. എങ്കിലും ഇത്രയും കാലം തട്ടിയും മുട്ടിയും മുമ്പോട്ടു പോയി.

ജൂണ്‍ 12-കാര്‍ 'ജെമിനി' നാളില്‍ പെട്ടവരാണ്. അടുത്തറിയാവുന്ന മറ്റു ജെമിനിക്കാരെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, പി. ജെ. ജോസഫ്‌, പത്രപ്രവര്‍ത്തകനായ ടി. വി. ആര്‍. ഷെണായ്, ഗായകന്‍ മാര്‍ക്കോസ്, കാര്‍ട്ടൂണിസ്റ്റല്ലാത്ത മലയാള മനോരമയിലെ ടോം (ഫിനാന്‍സ്, കൊച്ചി), കസ്റ്റംസ് ഓഫീസിറും ചിത്രകാരനുമായ ഫ്രാന്‍സിസ്‌ കോടങ്കണ്ടത്ത് - അങ്ങനെ ഇഷ്ടനിര മുന്നോട്ട് പോകുന്നു.  'ജെമിനി' കൂട്ടര്‍ ചില പ്രത്യേക സ്വഭാവക്കാരാണ്. അവര്‍ എപ്പോഴും ശാന്തരായിരിക്കുമത്രെ. വന്‍ സുഹൃത് വലയം സൃഷ്ടിക്കാന്‍ മിടുക്കരായിരിക്കും. യാത്ര ചെയ്യുന്നതില്‍ വലിയ കമ്പക്കാരാണ്, മഞ്ഞവസ്ത്രങ്ങളോടാണ് ഏറെ ഇഷ്ടം. ഒരു കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയാതെ Yes അല്ലെങ്കില്‍ No യില്‍ ചുറ്റിക്കറങ്ങി നില്‍ക്കുന്നവര്‍ എന്നൊക്കെ പറയാറുണ്ട്‌. എന്നാല്‍ പി. ജെ. ജോസഫിന് കെ. എം. മാണിയെ കണ്ടപ്പോള്‍ 'നോ' വിട്ടു 'യെസ്' സ്വീകരിക്കാന്‍ ബിഷപ്പന്മാരുടെ പ്രേരണകൂടി വേണ്ടിവന്നതായിട്ടാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. മഞ്ഞവസ്ത്രങ്ങളോടാണ് ജെമിനിക്കാര്‍ക്ക് ഇഷ്ടമെന്ന് പറയുന്നെങ്കിലും ചുവപ്പിനോടായിരുന്നു ഇ. എം. എസിന് പ്രിയം. ഗായകന്‍ മാര്‍ക്കോസ് ശാന്തനാണോ? ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ വിഷയം വരുമ്പോള്‍ മാര്‍ക്കോസിനു ശാന്തനാകാന്‍ കഴിയുന്നുണ്ടോ? മുട്ടുസൂചിയും പേനയും കൊണ്ടുവരുന്നവരെവരെ ചോദ്യം ചെയ്യുന്ന ഫ്രാന്‍സിസിന് സുഹൃത്തുക്കളുടെ എണ്ണം കൂടുന്നുണ്ടോ എന്നാ കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ ശാന്തനായിരിക്കാന്‍ വിധിക്കപ്പെട്ട വാജ്പേയും മുല്ലക്കര രത്നാകരനും കെ. പി. എ. സി. ലളിതയും 'ജെമിനി'ക്കാരായി മാറുകയല്ലായിരുന്നോ? എന്നാല്‍ യാത്ര ചെയ്യാനും ശാന്തനായിരിക്കാനും മഞ്ഞ ഖദര്‍ വസ്ത്രങ്ങള്‍ ധരിക്കാനും Yes അല്ലെങ്കില്‍ No യില്‍ കുടുങ്ങിക്കിടന്നു കറങ്ങാനും വിധിക്കപ്പെട്ട ഒരാളാണ് ഞാന്‍.

എന്നാല്‍ 2010 ജൂണ്‍ 12-ലെ ജന്മദിനത്തില്‍ ഞാന്‍ മൌനിയായി മാറി. കഴിഞ്ഞ രണ്ടു ജന്മദിനങ്ങളിലും ഓര്‍ത്തിരിക്കാന്‍ ഇണക്കമുള്ള ഓരോ പൊതുപരിപാടികള്‍ നടത്തുകയുണ്ടായി. എഴുപതാം ജന്മദിനത്തിനായിരുന്നു എന്‍റെ വെബ്‌ സൈറ്റിന്‍റെ ഉത്ഘാടനം. നമ്മുടെ ലീഡറായ കെ. കരുണാകരനായിരുന്നു ഉത്ഘാടനം നിര്‍വഹിച്ചത്. എഴുപത്തിഒന്നാം ജന്മദിനത്തിലായിരുന്നു എന്നെപ്പറ്റിയുള്ള ഒരു ഡോക്യുമെന്‍ററിയുടെ സ്വിച്ച് ഓണ്‍ നടന്നത്. എന്‍റെ ജീവിതകഥ, കാര്‍ടൂണ്‍കഥ പറയുന്ന ഡോക്യുമെന്‍ററിയുടെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചത് നവോദയ അപ്പച്ചനായിരുന്നു. എഴുപത്തിരണ്ടാം ജന്മദിനത്തിലും പുതുതായിട്ടൊരു പരിപാടിയിലൂടെ കൂടിച്ചേരല്‍ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ പോയതിലുള്ള നേരിയ വേദനയുണ്ട്. ഒരു പുസ്തകം - എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ - കാലിന്‍റെയും ഹൃദയത്തിന്‍റെയും താളപ്പിഴകള്‍ മൂലം എഴുതിതീരാനായില്ല. സുഹൃത്തുക്കളെ ശത്രുക്കളായും ശത്രുക്കളെ മിത്രങ്ങളായും മാറ്റുന്ന ഈ സത്യാന്വേഷണത്തിന്‍റെ കഥ ഇത്രത്തോളം തുറന്നു പറയണോ എന്നാ ചിന്തയില്‍ പേനയിലെ മുറുക്കിപ്പിടുത്തം അയയ്ക്കാനും ശ്രമിക്കുന്നു. ഒരു ഇടവപ്പാതികൂടി കഴിയട്ടെയെന്നും ചിന്തിക്കാതിരുന്നില്ല. മഴ പെയ്യട്ടെ. കോരിച്ചോരിയുന്നതിനു പകരം അത് ചരിഞ്ഞുപെയ്തു കാണാനാനിഷ്ടം. ആഞ്ഞുകുത്തിയോലിച്ചുപെയ്യുന്ന മഴ ഇന്നും ഭയമാണ്.

മാവേലിക്കരയില്‍ ഭരണിക്കാവിലെ കുട്ടിക്കാലം ഞാന്‍ ഓര്‍ക്കുകയാണ്. വീടിനു മുമ്പില്‍ ഒരു ചെറിയ കുളം ഉള്ളതുകൊണ്ട് ആയിരംകുളങ്ങര എന്നാണു ആ ചെറിയ സ്ഥലത്തിന്‍റെ പേര്. ഇന്നും ആ പേരില്‍ അറിയപ്പെടുന്നു. സ്കൂളിലേക്കുള്ള പോക്കും അവിടെ നിന്നുള്ള വരവും സ്കൂളില്‍ കുളിച്ചും കളിച്ചുമാണ്. കുളത്തില്‍ നിന്ന് ചെറിയ മീനുകളെ പിടിക്കാനും ശ്രമിക്കും. അമ്മച്ചി (പിതാവിന്‍റെ അമ്മ) കുളത്തിന്‍റെ കരക്ക് നില്‍ക്കുക പതിവാണ്. ചാറ്റമഴ പെയ്താല്‍ വീടിനു മുമ്പിലുള്ള നെല്‍പ്പാടത്തിന്‍റെ വരമ്പിലൂടെ തോര്‍ത്ത് മുണ്ടും ഉടുത്തു ഓടി നടക്കും. ചെറിയ മഴ ഉള്ളപ്പോഴാണ് ആ ഓട്ടത്തിന് സുഖം. (എന്നെപ്പറ്റിയുള്ള ഡോക്യുമെന്‍ററിയില്‍ വരമ്പിലൂടെയുള്ള കുട്ടിക്കാലത്തെ ഓട്ടം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. അഞ്ചുവയസ്സുകാരനായ എന്‍റെ കൊച്ചുമകന്‍ ആദി ദാസ്‌ ആണ് എന്‍റെ വേഷത്തില്‍).
അമ്മ: മറിയാമ്മ (ആച്ചിയമ്മ)

അമ്മൂമ്മയെപ്പറ്റി ഇന്നോര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ നേരിയ വേദന അനുഭവപ്പെടും. അമ്മച്ചിയെപ്പറ്റി ചെറിയ ഓര്‍മ്മകള്‍ മാത്രം. കുളക്കരയില്‍ നില്‍ക്കുന്നതും നെല്‍പ്പാടത്തിന്‍റെ സമീപം നില്‍ക്കുന്നതും വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്ന ഞാന്‍ വീഴുമ്പോള്‍ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതും അമ്മൂമ്മ. മരിച്ചുകിടക്കുമ്പോള്‍ തലയ്ക്കു പിന്നില്‍ വച്ചിരുന്ന കുരിശും കത്തുന്ന മെഴുകുതിരികളും കുന്തിരിക്കത്തിന്‍റെ മണവും മാത്രം ഓര്‍മ്മയില്‍ ശേഷിക്കുന്നു. മൃതദേഹവുമായി പള്ളിയിലേക്കുള്ള യാത്ര ഓര്‍മയില്‍ അരിച്ചെടുക്കാന്‍ കഴിയുന്നില്ല. കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ സെമിത്തേരിയില്‍ ഏതു ഭാഗത്താണ് അന്ന് സംസ്കരിച്ചതെന്നും അറിയില്ല. എങ്കിലും സ്മശാനത്തില്‍ കയറിവലതുഭാഗത്തേക്ക്‌ ഞാന്‍ മുഖം തിരിക്കും. വലതുഭാഗത്തെവിടെയോ ആണ് സംസ്കരിച്ചതെന്ന ചെറിയ ഓര്‍മ്മ മാത്രം.

അമ്മൂമ്മയുടെ മുഖം ഞാന്‍ ഓര്‍ക്കുന്നു. വെളുത്തു മെലിഞ്ഞ സുന്ദരി. ദേഹത്ത് രണ്ടാം മുണ്ട് ചുറ്റിയിരിക്കും. അമ്മൂമ്മയുടെ മുഖത്തെ ചുളിവുകളിലൂടെ അഞ്ചു വയസ്സുകാരനായ ഞാന്‍ വിരല്‍ ഓടിച്ചിരുന്നത് ഇന്നും ഓര്‍ക്കാന്‍ കഴിയുന്നു.

സ്കൂള്‍ തുറക്കുന്നതോട് കൂടിയാണ് അക്കാലത്ത് കടുത്ത മഴ പെയ്യുന്നത്. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. വീട്ടിലുള്ള കാല്‍ക്കുട കിട്ടാതെ വന്നാല്‍ വാഴയിലയാണ് പിന്നീട് ശരണം. വാഴയിലയും പിടിച്ച് പോകുന്നതിനിടയില്‍ വഴിയില്‍ നിന്ന് ചില കൂട്ടുകാരും അതിനിടയില്‍ കയറും. പക്ഷേ മഴക്കാലത്ത് എല്ലാ ദിവസവും എന്‍റെ സഹായി ഒന്നാം ക്ലാസ്സിലെ അധ്യാപകനായിരുന്ന ശങ്കരപിള്ള സാര്‍. വീടിനു മുന്നില്‍ നില്‍ക്കുന്ന എന്നെയും കൂട്ടിയാണ് സാര്‍ സ്കൂളില്‍ പോകാറുള്ളത്. എന്‍റെ പിതാവും ഈ അധ്യാപകനും സുഹൃത്തുക്കളായിരുന്നു. ഗുരുനാഥനോടൊപ്പം ക്ലാസ്സ്‌ വരെ പോകുന്നത് അക്കാലത്ത് ഒരു ഗമയായിരുന്നു. ആയിരം കുളങ്ങരനിന്നുള്ള വെളുത്ത പൂഴിമണല്‍ പാതയിലൂടെ നടന്ന് ഭരണിക്കാവ് ദേവീക്ഷേത്രത്തിന് മുമ്പിലെത്തി സ്കൂളിന്‍റെ പിന്നിലൂടെ ക്ലാസ്സില്‍ പ്രവേശിക്കുകയാണ് പതിവ്. ദേവീക്ഷേത്രത്തിന്‍റെ മുമ്പിലെത്തുമ്പോള്‍ ശങ്കരപിള്ള സാര്‍ നില്‍ക്കും. ദേവിയെ തൊഴും. ഞാനും അനുകരിക്കും. ക്ഷേത്രത്തിന് സമീപത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ബുദ്ധ പ്രതിമയുണ്ട്. അതിനു മുന്നിലും അല്‍പനേരം നില്‍ക്കും. വണങ്ങും. ചെറിയ മനസ്സ്‌ ലോലമാകും. എല്ലാ സ്കൂളുകള്‍ക്ക് സമീപവും ഓരോ ബുദ്ധപ്രതിമ സ്ഥാപിചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു. ശങ്കരപിള്ള സാറിന് മറ്റൊരു ഒമാനപ്പേരുണ്ട്. നാട്ടില്‍ അറിയപ്പെടുന്നത് 'വള്ളി സാര്‍' എന്നാണ്. ഏതാണ്ട് ആറര അടിയോളം ഉയരമുള്ളതുകൊണ്ടാണ് നാട്ടുകാര്‍ വള്ളിയാക്കി മാറ്റിയത്.

ഒരു മഴക്കാലത്ത് അത് സംഭവിച്ചു. കോരിച്ചൊരിയുന്ന മഴ. വള്ളി സാറിന്‍റെയും കുടയുടെയും വരവ് കാത്ത് ഞാന്‍ വീടിന്‍റെ വാതുക്കല്‍ നില്‍ക്കുകയാണ്. വഴിയിലൂടെ സ്കൂളിലേക്ക് പോയ ഒരു കുട്ടി കടുത്ത മഴ മൂലം വഴിയില്‍ നിന്ന് ഓടി ഞങ്ങളുടെ വീടിന്‍റെ വരാന്തയില്‍ ചാടിക്കയറി നിന്നു. പയ്യന്‍റെ ചാടിക്കയറ്റം അമ്മൂമ്മക്ക് അത്ര ഇഷ്ടമായില്ല. "പോടായിറങ്ങി. നില്ക്കാന്‍ കണ്ട ഒരു സ്ഥലം." കുട്ടിയെ അമ്മൂമ്മ പുറത്തേക്കു പിടിച്ചു തള്ളി. പയ്യന്‍ മുറ്റത്ത് കൊടും മഴയത്ത് വീണു. എന്നാല്‍ അമ്മൂമ്മയുടെ പ്രവര്‍ത്തി അമ്മക്ക് തീരെ പിടിച്ചില്ല. അമ്മ എന്‍റെ അടുത്തുവന്ന് രണ്ടു കൈകൊണ്ടും എന്നെ പൊക്കിയെടുത്ത് മുറ്റത്ത് മഴയത്തിറക്കി. മുറ്റത്തിന്‍റെ നിലത്തിറക്കി വെച്ച് അമ്മ പറഞ്ഞു: "നീയും കുറെ നനയട്ടെ. കൊച്ചു മോന്‍ ദാസന്‍ മഴ നനഞ്ഞാല്‍ അമ്മച്ചിക്ക് വേദനിക്കുന്നോന്നറിയണമല്ലോ."

അമ്മൂമ്മ അകത്തേക്ക് പോയി. പയ്യന്‍ വഴിയിലേക്കിറങ്ങി ഓടിപ്പോയി. അമ്മ എന്നെ അകത്തെ മുറിയില്‍ കൊണ്ടുപോയി തല തോര്‍ത്തി തന്നു. "ആ ചെറുക്കനും നിന്നെപ്പോലെയാ. ഏതോ ഒരു പാവം പയ്യന്‍."

അമ്മൂമ്മയുടെ സൈഡ് പിടിക്കണോ അമ്മയുടെ പക്ഷം പിടിക്കണോ എന്ന് എനിക്കറിയില്ലായിരുന്നു. അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഓരോ ചക്കര ഉമ്മ കൊടുക്കാം. അത്ര മാത്രം. അമ്മയെ നാട്ടുകാര്‍ക്ക് പ്രിയമായിരുന്നു. 'ആച്ചിയമ്മ' എന്ന ഓമനപ്പേര് ഇന്നും മുതിര്‍ന്നവരില്‍ പലര്‍ക്കും ഓര്‍മ്മയുണ്ട്. മുറ്റത്ത് വീണ കുട്ടിയുടെ മുഖം ഓര്‍ക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഏതോ ഒരു പയ്യന്‍ - വളര്‍ന്നു വലുതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തില്‍ നിന്നു റിട്ടയര്‍ ചെയ്തു വിശ്രമജീവിതം നയിക്കുന്ന വ്യക്തിയായിരിക്കാം. മഴ വരുമ്പോഴെല്ലാം ഈ സംഭവം മാറി മാറി ഞാന്‍ ഓര്‍ക്കും. മൌനമായി മഴയെ നോക്കി നില്‍ക്കും. പെരുമഴയെക്കാള്‍ ദോഷരഹിതമായ ചാഞ്ഞമഴയോടുള്ള പ്രിയം കൂടുതലാണ്. മഴ നദിയിലൂടെ ഒഴുകി കടലില്‍ ചെന്ന് ചേരുന്നു. അവ വീണ്ടും തിരയായി കരയില്‍ കയറി നമ്മുടെ കാലുകളെ സ്പര്‍ശിക്കുന്നു. ചില അവസരങ്ങളില്‍ സുനാമിയായും.

അടക്കാത്ത സ്കൂളുകള്‍
എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടക്ക് ചേര്‍ത്തലക്ക് സമീപം റോഡിന്‍റെ ഇടതുവശത്ത് വലിയൊരു പാഠശാലയുണ്ട്. ബിഷപ്പ് മൂര്‍ ഹൈസ്കൂള്‍. കാണാന്‍ നല്ല കെട്ടിടം. നല്ല അന്തരീക്ഷം. നല്ലയൊരു മഴവേളയിലാണ് സന്ധ്യനേരത്ത് ഞാന്‍ സ്കൂള്‍ ശ്രദ്ധിച്ചത്. നല്ല കാറ്റ്. കണ്ണാടി ജനലുകള്‍ ആടി ഉലയുന്നു. പല ജനാലകളുടെയും ഗ്ലാസ്സുകള്‍ പൊട്ടിയുട്ടുണ്ട്.

ജനലുകള്‍ അടക്കാന്‍ മറന്നുപോയതാണോ? അല്ല. ജനല്‍ അടക്കുന്ന ശീലമില്ല. പണ്ട് ഭരണിക്കാവ് പ്രൈമറി സ്കൂളിന്‍റെ ജനലുകള്‍ വൈകുന്നേരങ്ങളില്‍ അടക്കുന്നത് ഞങ്ങള്‍ വിദ്യാര്‍ഥികളായിരുന്നു. ഇപ്പോള്‍ അങ്ങനെ വേണമെന്നില്ല. എങ്കിലും കാറ്റും മഴയും ഉള്ളപ്പോള്‍ വൈകുന്നേരം അടച്ചു പിരിയാന്‍ സംവിധാനം ഉണ്ടാകേണ്ടതാണ്. ബിഷപ്പ് മൂര്‍ ഹൈസ്കൂളിനെപ്പോലെ തുറന്ന ജനലുമായി രാത്രികാലങ്ങളില്‍ കഴിയുന്ന അനേകം സ്കൂളുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉണ്ട്.

2010, ജൂൺ 19, ശനിയാഴ്‌ച

നേരേ ചൊവ്വേ


കാലനില്ലാത്ത കാലം പോലെ ചാലനില്ലാത്ത കാലം വന്നു ചെരുമോയെന്നു തോന്നുന്നില്ല. ക്രീമും പൌഡറും വാരിതേച്ച് മുഖം മിനുക്കിക്കൊണ്ടാണ് നേരം പുലരുന്നത്. ചാനലുകളുടെ ക്യാമറ എപ്പോഴാണ് മുമ്പില്‍ വന്നു പെടുന്നതെന്നറിയില്ല. ചാനലില്‍ അഭിനയിക്കാത്തവര്‍ നമുക്കിടയില്‍ ചുരുങ്ങും. അഭിമുഖത്തിനായി ക്ഷണിക്കപ്പെടുന്നവരാണ് കൂടുതല്‍ ഏടാകൂടങ്ങളില്‍ ചെന്ന് ചാടുന്നത്. ഉദ്ദേശിക്കാത്ത ചോദ്യങ്ങള്‍ കൂരമ്പു പോലെ പാഞ്ഞു വരുമ്പോള്‍ നമ്മള്‍ പരുങ്ങുന്നു എന്നതാണ് നേര്.  

നിങ്ങള്‍ പഠിക്കുന്ന കാലത്ത് കോളേജ് പ്രിന്‍സിപ്പളിന്‍റെ മകളുമായും കെമിസ്ട്രി പ്രൊഫസ്സറുടെ  ഭാര്യാസഹോദരിയുമായും പ്രണയത്തിലായിരുന്നുവെന്ന് കേള്‍ക്കുന്നത് നേരാണോയെന്നു ചോദിച്ചാല്‍ കൈരളിയുടെ ജോണ്‍ ബ്രിട്ടാസിന്‍റെ മുമ്പിലിരുന്ന് വിയര്‍ക്കുകയല്ലാതെന്തു ചെയ്യും? പുതിയ ചലച്ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ നിര്‍മാതാവിന്‍റെ പെട്ടി തുറന്ന് അഞ്ചു ലക്ഷം രൂപ നിങ്ങള്‍ കവര്‍ന്നില്ലേ എന്ന് കേള്‍ക്കുന്ന കഥയില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് ഇന്ത്യവിഷനിലെ നികേഷ്‌ ചിരിച്ചുകൊണ്ട് ചോദിച്ചാലും വിയര്‍ക്കുന്നത് പാവം നടനാണ്.

പുനത്തില്‍ കുഞ്ഞബ്ദുള്ള ടാഗോറിന്‍റെ പുസ്തകത്തില്‍ നിന്ന് മോഷ്ടിച്ചെടുത്ത് പകര്‍ത്തിയ കൃതിയിലെ കേന്ദ്രകഥാപാത്രത്തെ താങ്കള്‍ പുതിയ കൃതിയില്‍ അതേപടി പകര്‍ത്തിയിരിക്കുന്നു എന്ന ആരോപണത്തില്‍ വല്ല കഴമ്പുണ്ടോ എന്ന് മനോരമ ന്യൂസിലെ കോട്ടിട്ട ജോണി ലൂക്കോസ് മറ പിടിക്കാതെ ചോദിക്കുന്ന രംഗങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. ചുരുക്കത്തില്‍ അഭിമുഖത്തിനായി ഇരുന്നുകൊടുക്കേണ്ടി വന്നോ, കാര്യം കുഴച്ചിലാകും. എങ്ങോട്ടെക്കെ നമ്മള്‍ വളയുകയും പുളയുകയും ചെയ്യുമെന്നറിയാനാവില്ല. ചാനലിന്‍റെ സ്റ്റുഡിയോവില്‍ കയറിചെല്ലുന്നത് നടനായിട്ടായിരിക്കാം. ഇറങ്ങിപ്പോകുന്നത് വി. എസ്. അച്യുതാനന്ദനെപ്പോലെയോ രമേശ്‌ ചെന്നിത്തലയെപ്പോലെയോ ആയിരിക്കും. അതല്ലെങ്കില്‍ ആ രീതിയില്‍ അഭിമുഖക്കാരന്‍ വാര്‍ത്തെടുത്തെന്നിരിക്കും. അതിനു പാകത്തിലുള്ള അച്ചുകളുമായിട്ടാണ് അവര്‍ ഒരുങ്ങിയിരിക്കുക. കൈയില്‍ കിട്ടിയാല്‍ ചൂളയില്‍ വെച്ച് ഉരുക്കും. പുറത്തേക്കു ഇറക്കി വിടുന്നത് പുതിയൊരു രൂപത്തിലായിരിക്കുമെന്നു മാത്രം. ഭാഗ്യവും ഈശ്വരാനുഗ്രഹവും മനധൈര്യവും ഉള്ളവര്‍ മാത്രം ഈ കുരുക്കില്‍ വീഴാതെ പുറത്തേക്കു രക്ഷപെട്ടു വരുന്നു.

2010 മെയ്‌ 22. ജയ് ഹിന്ദ്‌ ചാനലില്‍ കെ. പി. മോഹനന്‍റെ മുഖം ടിവിയില്‍ തെളിയുന്നു. പ്രഥമനോട്ടത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അനുജനാണോയെന്ന് നമ്മള്‍ സംശയിച്ചു പോകും. കെ. പി. മോഹനന്‍റെ മുമ്പില്‍ മലയാളത്തിന്‍റെ ഖാദി അംബാസിഡര്‍ മോഹന്‍ലാല്‍ ഇരിക്കുന്നു. ഒരു കാല്‍ മറ്റെക്കാലില്‍ പൊക്കിവെച്ചിരിക്കുന്നത് കൊണ്ട് കാലു പൊക്കിവക്കാതിരിക്കുന്ന മോഹനന് അല്പം തിളക്കക്കുറവ്‌. ഒരു മണിക്കൂര്‍ ദീര്‍ഘമുള്ള അഭിമുഖം. ചലച്ചിത്രരംഗത്ത് വന്നതിനെപ്പറ്റിയും ലോകസിനിമയെപ്പറ്റിയും സിനിമാരംഗത്തെ പുതിയ ഉരുള്‍പൊട്ടലിനെപ്പറ്റിയും ദീര്‍ഘമായ സംഭാഷണം. അഭിമുഖം പകുതിയായപ്പോള്‍ മോഹനന്‍റെ ചോദ്യങ്ങളുടെ ശൈലിക്കൊരു മാറ്റം.


മോഹനന്‍: മിസ്റ്റര്‍ മോഹന്‍ലാല്‍. താങ്കള്‍ ഇത്രയും കാലം അഭിനയിച്ചു. ഞങ്ങളെ അത്ഭുതത്തിന്‍റെ തേരില്‍ ഉയര്‍ത്തി. ഇനിയെന്താണ് പരിപാടി? മറ്റേതെങ്കിലും രംഗത്തേക്ക്...?
                                             
ലാല്‍: കറി മസാല രംഗത്തേക്ക് തിരിഞ്ഞതാണെങ്കിലും പിന്നീടതില്‍ നിന്ന് പിന്തിരിഞ്ഞു. അടിമാലിയിലെ ഈസ്റ്റേണ്‍ കറി പൌഡറിന്‍റെ ഇക്കാക്കക്ക് ഞാനത് വിറ്റു. വിശദവിവരങ്ങള്‍ ചോദിക്കരുത്.

മോഹനന്‍: ചിക്കന്‍ കറിയുടെ പ്രസരിപ്പും ഫിഷ്‌ കറിയുടെ കുതിപ്പും പോലെയുള്ള അഭിനയം താങ്കള്‍ മലയാളത്തിന് കാഴ്ചവെച്ചു. പല ചിത്രങ്ങളിലും രാഷ്ട്രീയനേതാക്കളുടെ വേഷവും താങ്കള്‍ അഭിനയിച്ചിട്ടുണ്ട്. എക്കാലവും ഓര്‍ക്കുന്ന രാഷ്ട്രീയനേതാക്കളെ സിനിമയിലൂടെ സംഭാവന ചെയ്തു. സിനിമയിലെന്നപോലെ രാഷ്ട്രീയരംഗത്തെക്കും താങ്കള്‍ക്ക് വരാന്‍ ആഗ്രഹമില്ലേ? ജനം അത് ആഗ്രഹിക്കുന്നില്ലേ?

ലാല്‍: വഴി മുട്ടിക്കാതെ. കുറച്ചുകാലം കൂടി ഞാന്‍ സിനിമയുമായി കഴിഞ്ഞോട്ടെ.

മോഹനന്‍: അതല്ല ലാല്‍. പ്രപഞ്ചസത്യങ്ങളുടെ കാവല്‍ക്കാരനായ താങ്കള്‍ രാഷ്ട്രീയരംഗത്ത് പ്രവേശിക്കണമെന്ന് കോടിക്കണക്കിന് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?

ലാല്‍: അത് എനിക്കാവില്ല. 'ശുചിത്വകേരളം' എന്ന പേരില്‍ ചില പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഞാന്‍ തൃപ്തിപ്പെടുന്നു.

മോഹനന്‍: ശുചിത്വകേരളത്തിന് ശുചിത്വരാഷ്ട്രീയവും ആവശ്യമല്ലേ? അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടി ടിക്കറ്റ്‌ നല്‍കിയാല്‍ സ്വീകരിക്കുമോ?

ലാല്‍: ടിക്കറ്റ്‌ എടുത്ത് സിനിമാശാലയില്‍ കയറുന്ന കാണികളോടാണ് എനിക്കിഷ്ടം.

മോഹനന്‍: അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കുമോ അതോ സ്വദേശമായ പത്തനംതിട്ടയില്‍ മത്സരിക്കുമോ?

ലാല്‍: അങ്ങനെയൊക്കെ ചോദിച്ചാല്‍... എനിക്ക് ചിരി വരുന്നു.

മോഹനന്‍: തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എതിരാളിയേക്കാള്‍ എത്ര വോട്ട് കൂടുതല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?

ലാല്‍: അങ്ങനെ പടര്‍ന്നുകയറി സംസാരിക്കാതെ മോഹന്‍.

മോഹനന്‍: സംസ്ഥാനമന്ത്രിസഭയില്‍ അംഗമാവുകയാണെങ്കില്‍ ഏതു വകുപ്പ് എടുക്കുന്നതിലാണ് താല്പര്യം? ആഭ്യന്തരം, ധനം, ആരോഗ്യം...


മോഹന്‍ലാല്‍ കസേരയില്‍നിന്ന് എഴുന്നേറ്റു നിന്ന് കൊണ്ട്: "മോഹനാ. മോനേ ദിനേശാ... വീട്ടിലെത്തിയിട്ട് ഇത്തിരി ആവശ്യമുണ്ട്." ധൃതിയില്‍ ലാല്‍ സ്റ്റുഡിയോക്ക് പുറത്തിറങ്ങി.

ഇനി മനോരമ ന്യൂസില്‍. അടുത്ത ദിവസം 2010 മെയ്‌ 23. അരൂര്‍ സ്റ്റുഡിയോയില്‍ പ്രത്യേകം ഒരുക്കിയ ഷൂട്ടിംഗ് മുറി. ചലച്ചിത്രനടി വാണി വിശ്വനാഥന്‍റെ മുഖം തെളിയുന്നു. മേക്കപ്പ്‌ കുറവ്. എതിര്‍വശത്ത് മനോരമ ചാനലിന്‍റെ അഭിമുഖ പ്രമുഖന്‍ ജോണി ലൂക്കോസ് വാണിയെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. 'നേരെ ചൊവ്വേ' എന്ന പരിപാടി. സിനിമാരംഗത്തെക്കുള്ള പ്രവേശനത്തെക്കുറിച്ചും പിതാവിനെപ്പറ്റിയും ബാബുരാജുമായിട്ടുള്ള വിവാഹത്തെപ്പറ്റിയും വിവാഹജീവിതത്തിലെ പിരിമുറുക്കത്തെപ്പറ്റിയും എല്ലാം അരമണിക്കൂര്‍ സംസാരിച്ചു. അതിനു ശേഷം പാവത്തെപ്പോലിരുന്ന ജോണി ലൂക്കോസിന്‍റെ കണ്ണുകള്‍ ചുവക്കുന്നു. ടൈയില്ലാത്ത കോട്ട് തിരുമ്മിക്കൊണ്ട് ചോദിച്ചു:


ജോ.ലൂ: പല സിനിമകളിലും ചേച്ചി പോലീസ് വേഷം ചെയ്തിട്ടുണ്ടല്ലോ. കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടുകയും കൂട്ടമായെത്തുന്ന അക്രമികളെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു. ഒരു ധീര പോലീസ് ഓഫീസിറായിട്ടാണ് വാണി തിളങ്ങിയുട്ടുള്ളത്. ഇനി എന്താണ് ഭാവി പരിപാടി?

വാണി: അഭിനയിക്കണം. സിനിമ കുറവാണ്. സീരിയലുകള്‍ ഉണ്ട്.

ജോ.ലൂ: അതിലെല്ലാം പോലീസ് വേഷമാണോ?

വാണി: അതല്ല. ഒരു വീട്ടമ്മയുടെ അതല്ലെങ്കില്‍ ഒരു കാമുകിയുടെ... ഏതെങ്കിലും ഒരു ശക്തയായ പോലീസ് ഓഫീസറുടെ റോള്‍ ഞാന്‍ ഭാവിയില്‍ പ്രതീക്ഷിക്കുകയാണ്.

ജോ.ലൂ: രാഷ്ട്രീയ നേതാക്കളെ നേരിടുകയും കീഴടക്കുകയും ചെയ്യുന്ന പോലീസ്  ഓഫീസറന്മാറുടെ വേഷം ചെയ്യാന്‍ വാണിക്ക് അവസരം ഉണ്ടായല്ലോ. രാഷ്ട്രീയരംഗത്ത്‌ വരാന്‍ താല്‍പര്യമില്ലേ?

വാണി: രാഷ്ട്രീയത്തിലിറങ്ങാന്‍ ഭര്‍ത്താവ്‌ അനുകൂലിക്കുമെന്ന് തോന്നുന്നില്ല.

ജോ.ലൂ: അത് പരിഹരിക്കാവുന്നതേയുള്ളൂ. ഞങ്ങളുടെ തോമസ്‌ ജേക്കബ്ബോ ജോണ്‍ മുണ്ടക്കയമോ ആലുവ ലേഖകനോ ആഴ്ചപ്പതിപ്പിന്‍റെ കെ. എ. ഫ്രാന്‍സിസോ സംസാരിച്ച് ബാബുരാജ്‌ വഴങ്ങുകയാണെന്കില്‍ രാഷ്ട്രീയത്തിന്‍റെ പടികള്‍ ചവിട്ടിക്കയറാന്‍ വാണിക്ക് സമ്മതമല്ലേ?

വാണി: എന്താണിതിന് മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല.

ജോ.ലൂ: ഗൌരിയമ്മ, ശ്രീമതി ടീച്ചര്‍, പത്മജ, ഓര്‍ഡോക്സുകാരിയായ ശോഭന ജോര്‍ജ്, സോണിയഗാന്ധി, വൃന്ദാകാരാട്ട് ഇവരെല്ലാം നമുക്ക് മാര്‍ഗ്ഗദര്‍ശികളല്ലേ? വാണിക്ക് എന്ത് തോന്നുന്നു?

വാണി: പ്രത്യേകിച്ചൊന്നും തോന്നുന്നില്ല.

ജോ.ലൂ: അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ പോലീസ് മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിക്കാന്‍ യു. ഡി. എഫ്. ടിക്കറ്റ്‌ നല്‍കിയാല്‍ സ്വീകരിക്കുമോ?

വാണി: ഞാന്‍ ചിരിക്കാതെന്ത് ചെയ്യും?

ജോ.ലൂ: അങ്ങനെ മത്സരിക്കുകയാണെങ്കില്‍ ചലച്ചിത്രരംഗത്തെ ഏതൊക്കെ പ്രമുഖര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വരും? പറയാമോ?

വാണി: അതിനു ഞാന്‍...

ജോ.ലൂ: മന്ത്രിസഭാരൂപീകരണവേളയില്‍ പല പോലീസ് വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള വാണി വിശ്വനാഥിനെ ആഭ്യന്തരവകുപ്പ് ഏല്‍പ്പിച്ചാല്‍ സ്വീകരിക്കുമോ?

വാണി: ഇങ്ങനൊക്കെ പറഞ്ഞാലോ ജോണീ!!

ജോ.ലൂ: ഏതു മന്ത്രി മന്ദിരമായിരിക്കും താമസിക്കാനായി തിരഞ്ഞെടുക്കുക? ജയില്‍ചാട്ടം തടയാനുള്ള പദ്ധതികള്‍ എന്തെങ്കിലും മനസ്സിലുണ്ടോ?

വാണി വിശ്വനാഥ് എഴുന്നേല്‍ക്കുന്നു. "ഞാനിറങ്ങുകയാ."


വാതുക്കലെത്തി തിരിഞ്ഞുനിന്ന് ജോണി ലൂക്കോസിനോടായി വാണി: "ചോദ്യങ്ങള്‍ ചോദിച്ചോളൂ. പക്ഷെ, അത് 'നേരെ ചൊവ്വേ' ആയിരിക്കണം."


സിനിമാക്കാരെ കാലില്‍ തടഞ്ഞാല്‍ രാഷ്ട്രീയത്തിലിറക്കാന്‍ ചാനലുകാര്‍ വലിച്ചിഴക്കുന്നതിന്‍റെ രണ്ട് ഉദാഹരണങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. രണ്ട് അഭിമുഖങ്ങളും ജയ് ഹിന്ദ്‌ ടി. വി.യും മനോരമ ന്യൂസും സംപ്രേഷണം ചെയ്തതാണ്. രാഷ്ട്രീയത്തിലിറങ്ങാന്‍ താല്പര്യമുള്ള നടീനടന്മാരും നിര്‍മ്മാതാക്കളും തിരക്കഥാകൃത്തുകളും അഭിമുഖത്തിനായി കെ. പി. മോഹനനേയും ജോണി ലൂക്കൊസിനേയും സമീപിക്കുക.

ഇനി ഈ പരിപാടി അടുത്തയാഴ്ച ഇതേ ദിവസം ഇതേ സമയം.

2010, ജൂൺ 12, ശനിയാഴ്‌ച

കഥ തുടരുന്നു

നാട് നന്നാക്കാനും നാട്ടുകാരെ നന്നാക്കാനും വേണ്ടിയാണ് മാധ്യമങ്ങള്‍ രംഗത്ത് വന്നത്. ആ ശ്രമങ്ങള്‍ പേജായ പേജുകളിലൂടെ മുടക്കമില്ലാതെ തുടരുന്നതിനിടയിലാണ് മാധ്യമങ്ങളെ നന്നാക്കാന്‍ രാഷ്ട്രീയക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. പിണറായി വിജയന്‍ തൊട്ട് കടകം പള്ളി സുരേന്ദ്രന്‍ വരെ, വി. എസ്. അച്യുതാനന്ദന്‍ തൊട്ട് ഷാജഹാന്‍ വരെ, കുഞ്ഞാലിക്കുട്ടി തൊട്ട് അഡ്വ. ഇബ്രാഹിംഖാന്‍ വരെ, ജോസ് തെറ്റയില്‍ തൊട്ട് ആലുങ്കല്‍ ദേവസ്സി വരെ - അങ്ങനെ മാറിയും തിരിഞ്ഞും മാധ്യമങ്ങളുടെ പോക്കിനെപ്പറ്റിയും നയങ്ങളെപ്പറ്റിയും തിരിവിനെപ്പറ്റിയും ചരിവിനെപ്പറ്റിയും ഒളിച്ചുകളിയെപ്പറ്റിയും കച്ചവടത്തെപ്പറ്റിയും ദിവസേന വിഭിന്ന അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.

പണം വാങ്ങി വാര്‍ത്തകള്‍ സൃഷ്ടിക്കുകയും വാര്‍ത്തകള്‍ മുക്കുകയും ചെയ്യുന്ന മാധ്യമരംഗത്തെപ്പറ്റിയുള്ള പരാതികള്‍ പരക്കെ പടരുകയാണ്. ഇത്തരം 'പണവാര്‍ത്ത'കളെപ്പറ്റി പ്രസ്‌ കൌണ്‍സിലുകളിലും പരാതികള്‍ എത്തിക്കൊണ്ടിരിക്കുന്നു. പ്രസ്‌ കൌണ്‍സില്‍ അതിനെക്കുറിച്ച് അന്വേഷിച്ചു വിപുലമായ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയെങ്കിലും ഉള്ളിലെ അഭിപ്രായഭിന്നതകള്‍ മൂലം റിപ്പോര്‍ട്ട്‌ പുറത്തു വിടാന്‍ കഴിഞ്ഞിട്ടില്ല. 200 വര്‍ഷത്തോളം പഴക്കമുള്ള ശക്തമായ ഇന്ത്യന്‍ പ്രസ്സിനെ ഇത്തരത്തിലുള്ള 'പണവാര്‍ത്ത'കളുടെ ഒഴുക്ക് ദുര്‍ബലപ്പെടുത്താനും തുടങ്ങിയിരിക്കുന്നു.

ഇന്ത്യന്‍ സ്വാതന്ത്യസമരത്തില്‍ ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ പങ്ക്‌ മറക്കാനാവുന്നതല്ല. 1924-ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഭൂമിപൂജയില്‍ പങ്കെടുക്കാനും അത് ഉത്ഘാടനം ചെയ്യാനും എത്തിയത് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ആയിരുന്നു.

ഇംഗ്ലീഷ് ദിനപത്രമായ 'ദ ഹിന്ദു' സ്ഥാപിച്ചതിന്‍റെ കഥ ഏറെ വ്യതസ്തമാണ്. ബ്രിട്ടീഷുകാരുടെ അധീനതയിലുള്ളതും ബ്രിട്ടീഷുകാര്‍ നടത്തിക്കൊണ്ട് പോവുന്നതുമായ ആഗ്ലോ-ഇന്ത്യന്‍ പത്രങ്ങളുടെ മേല്‍ക്കോയ്മ സാരമായി കുറയ്ക്കാനും അവയെ പയറ്റാനും ചെറുപ്പക്കാരായ ആറുപേര്‍ മുന്നോട്ട് വന്നു. കടം വാങ്ങിയ ഒരു രൂപ പന്ത്രണ്ടു അണ കൊണ്ട് അവര്‍ വെറും എണ്പതു കോപ്പി മാത്രം അച്ചടിച്ചുകൊണ്ട് 'ദ ഹിന്ദു' എന്ന പത്രത്തിന് തുടക്കം കുറിച്ചു. പിന്നീട് ശ്രീലങ്കന്‍-ചൈനീസ് മിലിട്ടറി സര്‍ക്കാരുകളുടെ മുഖപത്രമായി മാറിയ 'ദ ഹിന്ദു'വിന്‍റെ ആറു സ്ഥാപകരില്‍ ഒരാളായ ന്യാപഥി സുബ്ബറാവു പന്തലുവിന്‍റെ പ്രതിമ ഹിന്ദു സ്‌കോയറില്‍ അനാച്ഛാദനം ചെയ്ത ചടങ്ങില്‍ 'ദ ഹിന്ദു'വിന്‍റെ പത്രാധിപര്‍ എന്‍. റാം പറയുകയുണ്ടായി: "പണത്തിനു വേണ്ടി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ മുഖപ്രസംഗങ്ങള്‍ എഴുതാനും പ്രവര്‍ത്തിക്കാനും 'ദ ഹിന്ദു'വിനു മാത്രമേ കഴിഞ്ഞിട്ടുള്ളു. സാമ്പത്തികനേട്ടം ഉന്നം വെയ്ക്കാതെ പൊതുജനാഭിപ്രായത്തിന് രൂപം നല്‍കിക്കൊണ്ട് പുരോഗമനപാതയിലേക്ക് കുതിക്കാനാണ് 'ദ ഹിന്ദു' എന്നും ശ്രമിച്ചിട്ടുള്ളത്."

മാധ്യമങ്ങളിലെ 'പണവാര്‍ത്ത'കളുടെ തള്ളിക്കയറ്റത്തിനെതിരെ മലയാളത്തില്‍ 'ദ ഹിന്ദു'വിനെപ്പോലെ എത്രപേര്‍ മുഖപ്രസംഗങ്ങള്‍ എഴുതിയിട്ടുണ്ട്? രാവിലെയും വൈകിട്ടും ചീഫ്‌ എഡിറ്ററുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന പത്രാധിപസമിതി അംഗങ്ങളുടെ യോഗങ്ങളില്‍ ഈ തെറ്റിനെപ്പറ്റിയുള്ള മുന്നറിയുപ്പുകളും ഉപദേശങ്ങളും എത്ര മുഖ്യ പത്രാധിപന്‍മാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്?
ജനയുഗത്തിന്‍റെ ആദ്യകാല പത്രാധിപസമിതി അംഗങ്ങള്‍
മുന്‍നിരയില്‍: പറക്കോട് എന്‍. ആര്‍. കുറുപ്പ്, കാമ്പിശ്ശേരി കരുണാകരന്‍, ആര്‍. ഗോപിനാഥന്‍ നായര്‍, എന്‍. ഗോപിനാഥന്‍ നായര്‍ (ചീഫ്‌ എഡിറ്റര്‍), കെ. ഗോവിന്ദപിള്ള. പിന്‍നിരയില്‍: ലക്ഷ്മണന്‍, ആര്യാട് ഗോപി, കൊച്ചു ഗോപി, കെ. എസ്. ചന്ദ്രന്‍, സി. ആര്‍. എന്‍. പിഷാരടി, തെങ്ങമം ബാലകൃഷ്ണന്‍.


കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായ 'ജനയുഗ'ത്തിന്‍റെ സ്റ്റാഫ്‌ കാര്‍ട്ടൂണിസ്റ്റായി 1959-ലാണ്‌ ഞാന്‍ ചേരുന്നത്. 'ജനയുഗ'ത്തിന്‍റെ ചീഫ്‌ എഡിറ്റര്‍ ചുമതല എന്‍. ഗോപിനാഥന്‍നായര്‍ക്കായിരുന്നു.

ഒരു ദിവസം ഉച്ചസമയം. ചീഫ്‌ എഡിറ്റര്‍ എന്‍. ഗോപിനാഥന്‍നായരും പത്രാധിപതിസമിതി അംഗം ആര്‍. ഗോപിനാഥന്‍നായരും (ഗോപിചേട്ടന്‍മാര്‍) മേശ പൂട്ടി കുടയും എടുത്തു ധൃതിവെച്ച് പുറത്തേക്കു പോകാന്‍ ശ്രമിക്കുന്നു. വെപ്രാളപ്പെട്ട് ഏതോ വാര്‍ത്തയുടെ പ്രൂഫ്‌ നിന്നകാലില്‍ നോക്കി തിരുത്തിക്കൊടുത്തശേഷം പുറത്തേക്കു ഓടി. രാത്രിയാകുവോളം മുഷിഞ്ഞും വിശന്നും ഇരുന്നു പാര്‍ട്ടിക്കുവേണ്ടി ജോലി ചെയ്യാറുള്ളവര്‍ എന്തിനു ഉച്ചയോടുകൂടി മുങ്ങിയതെന്നതിനെപ്പറ്റി സുഹൃത്തുക്കള്‍ ചിന്തിക്കാതിരുന്നില്ല. എവിടേക്കാണ് പോകുന്നതെന്നും അവര്‍ വെളിപ്പെടുത്തിയില്ല.

ഒരു സ്കൂപ്പ് വാര്‍ത്ത രാവിലെ തന്നെ കായങ്കുളം ഏജന്റായ സഖാവ് കൊല്ലം ഓഫീസില്‍ എത്തിച്ചിരുന്നു. പ്രശസ്തനായ ഒരു അധ്യാപകനെ ഒരു വീടിന്‍റെ മുറ്റത്തെ തെങ്ങില്‍ പിടിച്ചു കെട്ടിയിട്ടിരിക്കുന്നു എന്നതാണ് വാര്‍ത്ത. വീട്ടിലെ സ്ത്രീയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ രാത്രി തെങ്ങില്‍ പിടിച്ചു കെട്ടിയിടുകയായിരുന്നു. അറിയപ്പെടുന്ന തറവാട്ടുകാരനായ അധ്യാപകന്‍ ഏറെ പ്രസിദ്ധമായ ഒരു വ്യവസായകേന്ദ്രത്തിന്‍റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായിരുന്നു.

വാര്‍ത്ത വായിച്ചു വെണ്ടയ്ക്ക തലക്കെട്ടും കൊടുത്ത ശേഷമാണ് ഗോപിചേട്ടന്‍മാര്‍ മുങ്ങിയത്. വാര്‍ത്ത കൊടുക്കാതിരിക്കാനായി പല കേന്ദ്രങ്ങളില്‍ നിന്നും സ്വാധീനം ചൊലുത്തുമെന്നവര്‍ക്കറിയാം. ആ പഴുത് അടക്കാനാണ് ഇവര്‍ കടന്നത്. രണ്ടു ഗോപിമാരെയും സ്വാധീനിച്ച് വാര്‍ത്ത മുക്കാന്‍ ശ്രമം നടക്കുമെന്നും ഇവര്‍ക്കറിയാം. കാരണം തെങ്ങിന്‍ചുവട്ടില്‍ കിടക്കുന്ന ഗുരുവിന്‍റെ ശിഷ്യന്മാരായിരുന്നു ഇവര്‍ രണ്ടുപേരും. പക്ഷെ, ഗുരുവിനെ സ്ത്രീ പീഡനകേസില്‍ രക്ഷപെടുത്താനാവില്ല എന്ന കാര്യത്തില്‍ ശിഷ്യന്മാര്‍ ഉറച്ചുനിന്നു. ഇക്കാലത്താണെങ്കിലോ? ഇങ്ങനൊരു വാര്‍ത്ത പത്രം ഓഫീസില്‍ എത്തിയാല്‍ അത് ആദ്യം അറിയുന്നത് പ്രതിയായ ഗുരു തന്നെയായിരിക്കും. പത്രഓഫീസില്‍ നിന്ന് തന്നെ അത് ചോരും. ഗുരുവിനെ രക്ഷിക്കാന്‍ പത്രസുഹൃത്ത് താല്പര്യം കാണിക്കും. ഫോണില്‍ വിളിച്ചു പറയും: "സാറിനെതിരായി ഒരു വാര്‍ത്ത ഇവിടെ എതിയിട്ടുണ്ട്. നോക്കട്ടെ... നമുക്ക് ഇന്ന് വൈകിട്ട് താജ്‌ ഹോട്ടലില്‍ ഇരുന്നു ചര്‍ച്ച ചെയ്യാം."

ചെറു പ്രസ്താവന വലുതാക്കാനും നീണ്ട പ്രസ്താവന ചെരുതാക്കാനുമുള്ള ശക്തി പത്ര സുഹൃത്തുക്കള്‍ക്കുണ്ട്. പണത്തിനുള്ള സ്വാധീനം വലുതാണ്‌. തലക്കെട്ടിലെ വലിയ അക്ഷരവും ചെറിയ അക്ഷരവും ഇതിനിടെയില്‍ കളിക്കുന്നു.

പ്രശസ്ത ചലച്ചിത്രസംവിധായകന്‍ ജേസിയുടെ ഒരു ഫോണ്‍ വിളിയാണ് എനിക്കിപ്പോള്‍ ഓര്‍മ വരുന്നത്: "യേശുവേ, എന്‍റെ ഒരു സുഹൃത്തിനെ അങ്ങോട്ട്‌ അയക്കുന്നു. ചെറിയൊരു പ്രശ്നം. അതൊന്നു പരിഹരിക്കണം. (യേശു എന്ന ചുരുക്കപ്പേരില്‍ എന്നെ ചിലര്‍ വിളിക്കാറുണ്ട്. കാമ്പിശ്ശേരി, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, എന്‍റെ ഭാര്യ മേഴ്സി, ബി. എം. സി. നായര്‍, ജോണ്‍ പോള്‍, ഈരാളി, നാടകകൃത്തായിരുന്ന പി. വി. കുര്യാക്കോസ്, തെങ്ങമം ബാലകൃഷ്ണന്‍ അങ്ങനെ ചുരുക്കം പേര്‍).

ജേസിയുടെ സുഹൃത്ത്‌ ഹോട്ടല്‍ നടത്തിപ്പുകാരനായിരുന്നു. ആവശ്യം വിശദീകരിച്ചപ്പോള്‍ ഞാന്‍ പരുങ്ങലിലായി. വിഷയം സ്ത്രീ പീഡനം. ഇത്തരം കേസുകള്‍ പലതും പൊങ്ങിവന്നുകൊണ്ടിരിക്കുന്ന കാലം. അറസ്റ്റ് ഉണ്ടാകും. അദ്ദേഹത്തെ രക്ഷപെടുത്തണം. പത്രത്തില്‍ പേര് വന്നാല്‍ അയാള്‍ ആത്മഹത്യ ചെയ്യും. ജെസിയുടെ തന്നെ 'രക്തമില്ലാത്ത മനുഷ്യന്‍' എന്ന സിനിമ ഞാന്‍ ഓര്‍ക്കുന്നു. അത്തരത്തിലൊരു മുഖം എന്‍റെ മുന്നില്‍ നില്‍ക്കുന്നു. പ്രശ്നം പരിഹരിക്കുന്നത് എന്നെക്കൊണ്ടാവുന്നതല്ലെന്നും മറ്റ് വഴികള്‍ നോക്കാനും ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ കരയുന്ന മുഖം കണ്ടപ്പോള്‍ ഞാന്‍ ഒരു പോംവഴി പറഞ്ഞുകൊടുത്തു. "പത്രത്തിന്‍റെ കേന്ദ്രഓഫീസില്‍ പോയി ഇന്ന ആളിനെ കാണുക. ഫോണ്‍ നമ്പര്‍ തരാം. നേരത്തെ ഫോണ്‍ ചെയ്തു സമയം നിശ്ചയിക്കുക. വിവരം നേരിട്ട് കാണുമ്പോള്‍ മാത്രം പറയുക."

"എന്തെങ്കിലും ഞാന്‍ അദ്ദേഹത്തിനു ചെയ്യേണ്ടതുണ്ടോ? എന്ത് വേണേലും ചെയ്യാം."
"എനിക്കതറിയില്ല."
"കാര്യം ശരിയാകുമെങ്കില്‍ ഒരു സല്‍ക്കാരം നടത്താം. എന്‍റെ റിസോര്‍ട്ടില്‍ ഒരാഴ്ച സൗകര്യങ്ങളോടെ താമസം ഒരുക്കാം."
"അതൊന്നും വേണ്ട. പോയി സംസാരിച്ചു നോക്ക്."

ഹോട്ടലുടമ അന്ന് തന്നെ കേന്ദ്രഓഫീസിലേക്ക് പോയി. പത്രഓഫീസിലെ പ്രമുഖനെ കണ്ടു. കാര്യം അവതരിപ്പിച്ചു. വാര്‍ത്ത ഒതുക്കുന്നതിലെ പ്രയാസം അദ്ദേഹം ഹോട്ടലുകാരനോട് വിവരിച്ചു. ആദ്യം തട്ടിക്കയറുകയും ചെയ്തു.

"രണ്ടു ദിവസം കഴിഞ്ഞു മടങ്ങി വരൂ. ഞാന്‍ ഒന്നാലോചിക്കട്ടെ." പത്രാധിപതിസമിതിയംഗം പറഞ്ഞു. പ്രതിക്ക് ചെറിയ പ്രതീക്ഷയായി. കാര്യം നടന്നേക്കും. അടുത്ത ദിവസം അദ്ദേഹം തയ്യാറായാണ് പോയത്. രണ്ടുനാള്‍  കഴിഞ്ഞു കക്ഷി കൈയില്‍ ഒരു പൊതിയും കരുതിയിരുന്നു. എഡിറ്റര്‍ കാണാത്ത രീതിയില്‍ ആ ചെറിയ നിധി കൈയില്‍ പിടിച്ചിരുന്നു. കക്ഷിയുടെ മുഖത്തും കൈയ്യിലും നോക്കിക്കൊണ്ട് പത്രാധിപതിസമിതിയംഗം പറഞ്ഞു: "ഞാനൊന്നു ശ്രമിക്കട്ടെ. പ്രയാസ്സകരമാണ്. എന്നാലും വാര്‍ത്ത വരാതിരിക്കാന്‍ ശ്രമിക്കാം."

സന്തോഷം പിടിച്ചുനിറുത്താനാവാതെ പ്രതി കൈയിലിരുന്ന പൊതി മേസപ്പുറത്തു വെച്ചു. അത് പണമായിരുന്നില്ല. പകരം അഞ്ച് പവന്‍! സ്വര്‍ണത്തിന്‍റെ വെട്ടിത്തിളക്കം മുറിയിലാകെ പരന്നു. ആ തിളക്കത്തില്‍ പീഡനവാര്‍ത്ത തീര്‍ത്തും മങ്ങി. പത്രത്തിന്‍റെ പേരോ പത്രജീവനക്കാരന്‍റെ പേരോ ഞാന്‍ ഇവിടെ പറയുന്നില്ല. അത് നാട്ടിലെങ്ങും പാട്ടാകും.

ബോംബെ സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ വിവാദങ്ങളിലൂടെ പ്രശസ്തരായ ഹര്‍ഷദ് മേഹ്തയുടെയും, കേതന്‍ പരെഖിന്‍റെയും വലം കൈകളായിരുന്ന ചിലര്‍ 'ദ ഇകണോമിക് ടൈംസി'ല്‍ പത്രപ്രവര്‍ത്തകാരായി സാധാരണ ശമ്പളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഓഹരികളുടെ ചലനത്തില്‍ വ്യതാസമുണ്ടാക്കാനും വ്യാപാരമേഖലയില്‍ വന്‍ സ്വാധീനം ചെലുത്താനും ഈ രണ്ടു പത്രപ്രവര്‍ത്തകര്‍ക്കും സാധിച്ചു. ഇവരുടെ യഥാര്‍ത്ഥ മുഖവും വരുമാനമാര്‍ഗവും മനസ്സിലാക്കിയ ബിസിനസ്‌ പത്രം ഇരുവരെയും പുറത്താക്കുകയായിരുന്നു.

പത്രങ്ങളെ ഇന്ന് നിയന്ത്രിക്കുന്നത്‌ രാഷ്ട്രീയപാര്‍ട്ടികളും, ബിസിനസ്‌ കേന്ദ്രങ്ങളും അധോലോകവുമാണ്. വിവിധ രാഷ്ട്രീയ വിശ്വാസമുള്ള പത്രപ്രവര്‍ത്തകരാണ് പത്രഓഫീസുകളില്‍ ഇരിക്കുന്നത്. അവര്‍ വാര്‍ത്തകള്‍ വീതം വെച്ചെടുക്കുന്നു. എന്നാല്‍ മാന്യമായ രീതിയില്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന പത്രപ്രവത്തകരും കൂട്ടത്തിലുണ്ട്. അവര്‍ക്കിടയിലാണ് പത്രപ്രവര്‍ത്തകരായ ഭീകരര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ജില്ലകളിലും സ്വന്തം വീടുകള്‍ക്ക് കരം അടക്കുന്ന സുഹൃത്തുക്കള്‍, പേന പിടിച്ചല്ല, നോട്ട് എണ്ണിയെണ്ണി വിരലുകള്‍ തഴമ്പിച്ചവര്‍. കഥ തുടരുന്നു.

2010, ജൂൺ 5, ശനിയാഴ്‌ച



അവളുടെ കാലുകള്‍

പ്രശസ്ത സംവിധായകനായ ഐ. വി. ശശിയുടെ പുതുമയും രാത്രിയുടെ കുളിരും നല്‍കുന്ന ചലച്ചിത്രമായിരുന്നു 1978ല്‍ പുറത്തിറക്കിയ അവളുടെ രാവുകള്‍. എല്ലാ ചിത്രത്തിലും റിസ്കും സെക്സും ഒരു പോലെ ഏറ്റെടുക്കുന്ന ഐ. വി. ശശിക്ക് അവളുടെ രാവുകളിലെ രാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രസിദ്ധനടി സീമയെ പത്നിയായി ലഭിച്ചതും മലയാളത്തിലെ ആദ്യത്തെ A സര്‍ട്ടിഫിക്കറ്റ് ചിത്രമായ അവളുടെ രാവുകളുടെ റിലീസിങ്ങിന് ശേഷമാണ്.

അവളുടെ രാവുകളുടെ കഥ എങ്ങനെ ഉരുത്തിരിഞ്ഞു എന്നൊന്നും ഓര്‍മ്മയില്ലെന്ന് ശശി പറയുമ്പോള്‍ 1978ല്‍ പ്രസിദ്ധീകരണം ആരംഭിച്ച പാടാത്ത യേശുദാസന്‍ സംവിധായകനായ കട്ട്‌-കട്ട്‌ എന്ന സിനി സ്റ്റണ്ട് മാസികയില്‍ വന്ന ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു. വിവാദങ്ങള്‍ അഴിച്ചുവിട്ടു. അവസാനം കേസുമായി. അവളുടെ രാവുകള്‍ എന്ന സിനിമയുടെ കഥ മോഷണമായിരുന്നു എന്നതായിരുന്നു വിവാദവിഷയം. മുമ്പ് കൊല്ലത്തു നിന്ന് എസ്. കെ. നായരുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മലയാളനാട് എന്ന വാരികക്കുവേണ്ടി കാഞ്ഞങ്ങാട് ദുര്‍ഗ്ഗ സ്കൂളിലെ അധ്യാപകനായിരുന്ന മാധവന്‍ അയച്ച അലയാഴി എന്ന നോവലിന്‍റെ പ്രമേയമാണ് അവളുടെ രാവുകളുടെ തിരക്കഥാകൃത്തായ ഷെരിഫ് (ആലപ്പുഴ) ചോര്‍ത്തിയെടുത്തതെന്നാണ് ആരോപണം.

അവളുടെ രാവുകളുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്ന ആലോചന തുടങ്ങിയിരിക്കുന്ന ഈ അവസരത്തില്‍, 1978 മെയ്‌ മാസം കട്ട്‌-കട്ട്‌ല്‍ വന്ന ഒരു ചെറിയ ലേഖനം ഇപ്പോള്‍ വായിക്കുന്നത് രസകരമായിരിക്കുമെന്നു തോന്നിയതുകൊണ്ട് അതൊന്നുകൂടി പകര്‍ത്തുകയാണ്.

മലയാളനാട് പത്രാധിപര്‍ എസ്. കെ. നായരും തിരക്കഥാകൃത്ത് ഷെരിഫ് ആലപ്പുഴയും തമ്മിലുള്ള എഴുത്തുകുത്തുകളാണ് അവ. കട്ട്‌-കട്ട്‌ന് എതിരായുള്ള വക്കീല്‍ നോട്ടീസിനു മറുപടി കൊടുത്തത് പെരുംമ്പാവൂരുള്ള ഒരു അഡ്വക്കേറ്റ് ആയിരുന്നു. പെരുമ്പാവൂരില്‍ അലഞ്ഞുനടക്കുന്ന ഒരു കഴുതയെ കണ്ടുപിടിച്ചതും അഡ്വക്കേറ്റിന്‍റെ വേഷം കഴുതയെ കെട്ടിച്ചതുമെല്ലാം പ്രിന്‍റര്‍ പബ്ലിഷറായിരുന്ന ഈരാളി ആയിരുന്നു. ഇനി വായിക്കുക:

അലയാഴിയും അവളുടെ രാവുകളും

പ്രിയപ്പെട്ട ഷെരീഫിന്,
അത്യാവശമായും കൊല്ലംവരെ വരണം. ഒരു കാര്യം സംസാരിക്കാനുണ്ട്.
സസ്നേഹം,
എസ്. കെ. നായര്‍
(മലയാളനാട് വാരിക, കൊല്ലം)

ബഹുമാനപ്പെട്ട എസ്. കെ. ചേട്ടന്,
അയച്ച കത്ത് കിട്ടി. സന്തോഷിക്കുന്നു. ഞാന്‍ പുതിയ രണ്ടു ഇംഗ്ലീഷ് നോവലുകള്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു സിനിമക്ക് കഥ കൊടുക്കണം. രണ്ടാഴ്ചക്കു ശേഷം വന്നാല്‍ മതിയോ? സഹപത്രാധിപര്‍ വി. ബി. സി. നായരെ അന്വേഷിച്ചതായി പറയണം.
സ്വന്തം,
ഷെരിഫ്
(തിരക്കഥാകൃത്ത്), മദ്രാസ്‌

പ്രിയപ്പെട്ട ഷെരീഫിന്,
വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ഉടനെ കൊല്ലത്ത് എത്തണം. ഐ. വി. ശശിയെക്കൂടി കൊണ്ടുവരാന്‍ ശ്രമിക്കുക.
എസ്. കെ. നായര്‍

ബഹുമാനപ്പെട്ട എസ്. കെ. ചേട്ടന്,
കത്ത് കിട്ടിയപ്പോള്‍ അതിന്‍റെ ഗൌരവം മനസ്സിലായി. ചേട്ടന്‍ പുതിയ പടം എടുക്കാനുള്ള ഒരുക്കത്തിലായിരിക്കാം. ആ ചിത്രത്തിനുള്ള കഥയും തിരക്കഥയും സംഭാഷണവും ഞാന്‍ തയ്യാറാക്കാം. ചില പുതിയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ മദ്രാസ്‌ മൂര്‍ മാര്‍ക്കറ്റില്‍ വന്നതായറിഞ്ഞു. ഈ വിവരം ആരും അറിയരുത്. എഴുതിത്തീര്‍ന്നാലുടന്‍ കമ്പി അടിക്കാം.
സ്വന്തം,
ഷെരിഫ്

പ്രിയപ്പെട്ട ഷെരീഫിന്,
അയച്ച എഴുത്ത് ഇന്ന് രാവിലത്തെ തപാലില്‍ കിട്ടി. മലയാളനാടിന് പ്രസിദ്ധീകരിക്കാനായി അയച്ചുതന്ന ഒരു നോവലിനെപ്പറ്റി സംസാരിക്കാനാണ് ഇങ്ങോട്ട് വരാന്‍ എഴുതിയത്. ഇനി വൈകരുത്.
സസ്നേഹം,
എസ്. കെ. നായര്‍

പ്രിയ എസ്. കെ. ചേട്ടന്,
അയച്ചുതന്നത് നോവലാണോ ചേട്ടാ? സിനിമക്ക് പറ്റിയതാണോ? വിശദവിവരങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു.
സ്വന്തം,
ഷെരിഫ്

പ്രിയപ്പെട്ട ഷെരീഫിന്,
മൂന്നു വര്‍ഷം മുമ്പ് അലയാഴി എന്ന പേരില്‍ ഒരു നോവല്‍ മലയാള നാടില്‍ പ്രസിദ്ധീകരിക്കാന്‍ വരികയുണ്ടായി. അതെഴുതിയത് കാഞ്ഞങ്ങാട് ദുര്‍ഗ്ഗസ്കൂളിലെ അധ്യാപകനായ മാധവന്‍ ആണ്. മാധവന്‍റെ ഈ നോവലിലെ കഥ തന്നെയാണ് അവളുടെ രാവുകള്‍ എന്ന സിനിമയുടെ കഥ എന്ന് കേള്‍ക്കുന്നു. നേരില്‍ കാണുമ്പോള്‍ വിശദമായി പറയാം.
സ്നേഹത്തോടെ,
എസ്. കെ.

ബഹുമാനപ്പെട്ട എസ്. കെ. ചേട്ടാ,
കത്ത് ഒരു ഞെട്ടലോടെയാണ് ഞാന്‍ വായിച്ചത്. മാധവന്‍റെ നോവലും എന്‍റെ സിനിമാക്കഥയും ഒന്നെന്നോ? എങ്കില്‍ അയാള്‍ക്കത് നേരത്തെ പറയാമായിരുന്നില്ലേ? എന്‍റെ ഭാവനയിലും ചിന്തയിലും വിടര്‍ന്നതാണ് അവളുടെ രാവുകള്‍ എന്നും ചില കഥകള്‍ക്ക് കോടതി മുഖേന ചില ദുരന്തങ്ങള്‍ ഉണ്ടായതുകൊണ്ട് എന്‍റെ കഥക്ക് പൈതൃകം അവകാശപ്പെടാന്‍ തന്റേടം ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ മുമ്പോട്ടു വരണമെന്ന് പറഞ്ഞു കഴിഞ്ഞ ദിവസം ഡിസംബര്‍ 26ന് ഞാന്‍ പത്രങ്ങളില്‍ പരസ്യം കൊടുത്തിരുന്നു. അപ്പോഴെങ്കിലും മാധവന് പറയാമായിരുന്നു. പത്രാധിപര്‍ വി. ബി. സി. നായരെ അന്വേഷിച്ചതായി പറയണം.
സ്വന്തം,
ഷെരിഫ്

പ്രിയപ്പെട്ട ഷെരീഫിന്,
നോവല്‍ വായിച്ച ശേഷം സിനിമ കണ്ടപ്പോള്‍ ഒന്നാണെന്ന് എനിക്കും തോന്നി. നോവലിന്‍റെ പേര് അലയാഴി, സിനിമയുടെ പേര് അവളുടെ രാവുകള്‍. നോവലിലെ മലര്‍ന്ന ചുണ്ടുള്ള അമ്മിണി സിനിമയില്‍ മലര്‍ന്ന ചുണ്ടുള്ള രാജി ആയി. നോവലിലെ രാജഗോപാലന്‍ സിനിമയിലെ ജയനായി. പെണ്ണും പറങ്കിമാങ്ങച്ചാരായവും വില്‍ക്കുന്ന നോവലിലെ ജീപ്പ് ഡ്രൈവര്‍ ശ്രീനി സിനിമയില്‍ പെണ്ണും വാറ്റുചാരായവും വില്‍ക്കുന്ന സൈക്കിള്‍ റിക്ഷാക്കാരനായി മാറി. നാഗമ്മ സിനിമയില്‍ മറിയാമ്മ ആയി. നോവലും സിനിമയും ആരംഭിക്കുന്നത് കടല്‍തീരത്താണ്. നോവലില്‍ ഗര്‍ഭച്ഹിദ്രവും ബ്ലീഡിങ്ങും ഉണ്ട്. സിനിമയില്‍ ബാലാല്‍സംഗവും ബ്ലീഡിങ്ങും ഉണ്ട്. രണ്ടിലും പ്രൈവറ്റ് നഴ്സിംഗ് ഹോം ഉണ്ട്. നോവലില്‍ ആശുപത്രി ബില്‍ 200 രൂപ. സിനിമയില്‍ 450 രൂപ. ഇത് ചില കാര്യങ്ങള്‍ മാത്രം. എന്തായാലും ഞാനെന്തു ചെയ്യണമെന്നു ഷെരിഫ് പറയുക. എന്നെ വെള്ളം കുടിപ്പിക്കരുത്.
സസ്നേഹം,
എസ്. കെ.

ബഹുമാനപ്പെട്ട എസ്. കെ. ചേട്ടന്,
കത്ത് വായിച്ചു ഞാന്‍ ഞെട്ടി. എന്താ ചേട്ടാ ഒരു പോംവഴി? വി. ബി. സി. നായരെ അന്വേഷിച്ചതായി പറയണം.
സ്വന്തം,
ഷെരിഫ്

പ്രിയപ്പെട്ട ഷെരീഫിന്,
നോവല്‍ ഞാന്‍ മടക്കി അയക്കാന്‍ പോവുകയാണ്. അതല്ലേ നല്ലത്?
സസ്നേഹം,
എസ്. കെ.

ബഹുമാനപ്പെട്ട പൊന്നുചേട്ടാ,
പത്താം വാരമെങ്കിലും ഓടിത്തീരാതെ നോവല്‍ മടക്കിക്കൊടുക്കല്ലേ. സ്റ്റേ വരും. ഇതെഴുതുമ്പോള്‍ നിര്‍മ്മാതാവ് രാമചന്ദ്രന്‍ എന്‍റെ അടുത്തുണ്ട്.
സ്വന്തം,
ഷെരിഫ്

പ്രിയപ്പെട്ട ഷെരീഫിന്,
നോവല്‍ മടക്കി. ഓഫീസിലെ പ്രത്യേക ചുറ്റുപാടുകള്‍ മൂലം നോവല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ലന്നു മാധവനെ അറിയിച്ചു.
സസ്നേഹം,
എസ്. കെ.

പ്രിയപ്പെട്ട എസ്. കെ. ചേട്ടാ,
ചെയ്ത ഉപകാരത്തിന് നന്ദി. പ്രസിദ്ധീകരണത്തിനായി പുതിയ നോവലുകള്‍ വന്നിട്ടുണ്ടോ? അറിയിച്ചാല്‍ വരാം. ഞാനും ഐ. വി. ശശിയും രാമചന്ദ്രനും സുഖമായിരിക്കുന്നു.
മാധവന്‍റെ നോവലിലെ ഒരു വാചകമാണ് എനിക്ക് ഓര്‍മ്മ വരുന്നത്: ആര്‍ത്തിരമ്പുന്ന കടല്‍. തിരകള്‍ തകര്‍ന്നു വീണു തകരുന്നത് മലര്‍ന്ന ചുണ്ടുകളുള്ള അമ്മിണി ശ്രദ്ധിച്ചു. തകര്‍ച്ചയില്‍നിന്നും വീണ്ടും പിടഞ്ഞെഴുന്നേല്‍ക്കുന്നു. തളര്‍ന്നടിയുന്നതിനേക്കാള്‍ പ്രതിബന്ധങ്ങളോട് എറ്റുമുട്ടി മോഷ്ടിക്കുന്ന തന്റേടം തന്നെയാണ് അഭിമാനിക്കവുന്നത്.
നിറുത്തട്ടെ ചേട്ടാ. ഞാന്‍ വരാം.
സ്വന്തത്തില്‍ സ്വന്തം,
ഷെരിഫ്
കഥ-തിരക്കഥ-സംഭാഷണം











(അവളുടെ രാവുകളുടെ രണ്ടാം ഭാഗം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. തിരക്കഥ-സംഭാഷണം ഷെരിഫ് തന്നെ. നോവലിസ്റ്റായ മാധവന്‍ ഇപ്പോള്‍ എവിടെയെന്നറിയില്ല. രണ്ടാം ഭാഗത്തിനുള്ള കഥ മാധവന് എത്തിക്കാനാവുമോ എന്തോ?)