2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

കെ. ജി. ജോര്‍ജ്ജ് പഞ്ചറായി


യാത്രചോദിച്ചു ഇറങ്ങുന്നതിന് മുമ്പായി പറയാറുണ്ട് 'വരട്ടെ' എന്ന്. പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ആള് വരാന്‍ വൈകിയാലും നമ്മള്‍ പറയാറുണ്ട് 'വരട്ടെ' എന്ന്. എത്തിക്കോട്ടെ എടുത്തോളാം എന്ന അര്‍ത്ഥത്തിലും 'വരട്ടെ' എന്ന് ഉപയോഗിച്ച് വരുന്നു. അല്പം കഴിയട്ടെ കാത്തിരിക്കാം എന്നമട്ടിലും 'വരട്ടെ' പ്രയോഗിച്ച് വരുന്നുണ്ട്.

എന്നാല്‍ 2007ലെ ഏറ്റവും നല്ല ഈടുള്ള പദമായി 'വരട്ടെ' അംഗീകാരം നേടിക്കഴിഞ്ഞത് അടുത്തിടെയാണ്‌. 2007ല്‍ മലയാള ദിനപത്രങ്ങളില്‍ വന്ന ഏറ്റവും നല്ല തലക്കെട്ടിനുള്ള പുരസ്കാരം തട്ടിക്കൊണ്ട് പോയത് 'വരട്ടെ' എന്ന തലക്കെട്ടായിരുന്നു. മലയാള മനോരമ ദിനപത്രത്തില്‍ വന്ന ഈ തലക്കെട്ട് സംഭാവന ചെയ്തത് മലയാള മനോരമയുടെ തന്നെ അസോസിയേറ്റ് എഡിറ്ററും സാഹിത്യകാരനുമായ ശ്രീ. ജോസ് പനച്ചിപ്പുറം ആയിരുന്നു. അങ്ങിനെ 2007ലെ നല്ല തലക്കെട്ടിനുള്ള കരുണാകരന്‍ നമ്പ്യാര്‍ പുരസ്കാരം ശ്രീ. ജോസ് പനച്ചിപ്പുറം ഈസിയായി കരസ്ഥമക്കിയെന്ന് ചുരുക്കം.

ഈ തലക്കെട്ടിന്‍റെ പ്രാധാന്യം കെ. കരുണാകരനോളം വലുപ്പത്തിലുള്ളതാണ്. കെ. കരുണാകരനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കാനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ കൊടും‌പിരികൊള്ളുന്നകാലം മൊഹ്സിന ക്വിദ്വായിയും, എ. കെ. ആന്റണിയും, വയലാര്‍ രവിയും 10 ജന്‍പഥ്ല്‍ സോണിയായെ കാണാന്‍ കയറിയിറങ്ങുന്ന ദിനങ്ങ‌ള്‍. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. "വരുന്നെങ്കില്‍ കരുണാകരന്‍ കോണ്‍ഗ്രസ്സില്‍ വരട്ടെ, എതിര്‍പ്പൊന്നുമില്ല" എന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ നിലപാട്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ സമീപനം അല്പം വ്യത്യസ്ഥമായിരുന്നു. "സമയമായില്ല ഇത്തിരി കഴിയട്ടെ, വരട്ടെ" എന്ന് ഉമ്മന്‍ ചാണ്ടിയും തുറന്നുപറയാന്‍ മടിച്ചില്ല. ഈ അവസരത്തിലാണ് മനോരമ ദിനപത്രത്തില്‍ മത്തങ്ങാ സൈസില്‍ ഒന്നാം പേജില്‍ ത‌ലക്കെട്ട് വന്നത് - 'വരട്ടെ'.

പ്രശസ്ത പത്രപ്രവര്‍ത്തകനായ കരുണാകരന്‍ നമ്പ്യാരും പരലോകത്തിരുന്ന് വലതു കൈയ്യുടെ കുഞ്ഞു വിരലുയത്തി പറഞ്ഞുകാണണം, 'വരട്ടെ' എന്ന്.

പത്രങ്ങളില്‍ തലക്കെട്ട് വരുന്നത് എങ്ങിനെയൊക്കെ ഏതൊക്കെ സൈസില്‍ എപ്പോഴൊക്കെയാണെന്ന് എത്തും പിടിയുമില്ലാത്ത കാലമാണ് ഇപ്പോഴത്തേത്.

2008 ജനുവരി 29ന് ആയിരുന്നു പ്രശസ്ത നടന്‍ ഗോപി മരണമടയുന്നത്. യവനിക, ഓര്‍മ്മക്കായ്, കൊടിയേറ്റം, പഞ്ചവടിപ്പാലം, തുടങ്ങിയ ചലച്ചിത്രങ്ങ‌‌ളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപിയുടെ മരണശേഷം അടുത്ത ദിവസത്തെ പത്രത്തിലെ തലക്കെട്ടുകള്‍ മറക്കാന്‍ കഴിയുന്നവ ആയിരുന്നില്ല. 'വരട്ടെ' എന്ന് കരുണാകരന്‍റെ വിഷയത്തില്‍ മത്തങ്ങാ അക്ഷരം നിരത്തിയ മലയാള മനോരമ ദിനപത്രം ഗോപിയുടെ മരണവാര്‍ത്ത പ്രാധാന്യത്തോടെ ഒന്നാം പേജില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കൊടുത്ത തലക്കെട്ട് യവനിക മാത്രമായിരുന്നു. അതായത് ഗോപിയുടെ ജീവിതം യവനികകൊണ്ട് മറഞ്ഞു എന്നര്‍ത്ഥത്തില്‍ തന്നെ. അഭിനയത്തിന്‍റെ കൊടിയിറക്കം, ഗോപി ഓര്‍മ്മയായി, ഇറങ്ങി കൊടി, യവനിക യമന്‍ കീഴടക്കി തുടങ്ങി വിവിധ തരത്തില്‍ നമ്മുടെ ദിനപത്രങ്ങള്‍ കൊടുത്തു.

ഗോപി അഭിനയിച്ച കെ. ജി. ജോര്‍ജ്ജിന്‍റെ പ്രസിദ്ധമായ പഞ്ചവടിപ്പാലം എന്ന പേര് പത്രക്കാര്‍ കുലുക്കി താഴെയിടാതെ റിസര്‍‌വ്വ് ചെയ്തുവെച്ചതായിട്ടുള്ള് ഒരു തോന്നല്‍ അനുഭവപ്പെട്ടു. എന്തായാലും പ്രിയപ്പെട്ട പത്രപ്രവര്‍ത്തകര്‍ക്ക് ഏറെ നന്ദി. ഈ ചിത്രത്തിന്‍റെ സംഭാഷണം എഴുതിയത് ഞാനായിരുന്നു. പഞ്ചവടിപ്പാലത്തിലെ പ്രധാന റോളുകളില്‍ അഭിനയിച്ചവരില്‍ തിലകനും, നെടുമുടി വേണുവും, സുകുമാരിയും, ശ്രീനിവാസനും, വേണുനാഗവള്ളിയും ഇന്നസെന്‍റെ, വി. ഡി. രാജപ്പനും എല്ലാമുണ്ട്. സ‌ം‌വിധായകന്‍ പ്രശസ്തനായ കെ. ജി. ജോര്‍ജ്ജുമുണ്ട്. അഭിനയിച്ചവരാരെങ്കിലും മരണപ്പെട്ടാല്‍ 'പാലം വീണു' എന്ന തലക്കെട്ട് യോജിച്ചതായിരിക്കുമെന്ന് സംശയമില്ലാതെ പറയാം. സം‌വിധായകന്‍ കെ. ജി. ജോര്‍ജ്ജോ ക്യാമറമാന്‍ ഷാജി എന്‍. കരുണോ കാറ്റുപോയാല്‍ പഞ്ചവടിപ്പാലത്തെ സ്മരിച്ചുകൊണ്ട് 'പഞ്ച'റായി എന്ന തലക്കെട്ട് നല്‍കാവുന്നതാണ്. പഞ്ചവടിപ്പാലത്തിന്‍റെ സംഭാഷണ രചയിതാവ് കാര്‍ട്ടൂണിസ്റ്റ് യേശുദാസിന്‍റെ വേര്‍പ്പാടുവേളയില്‍ 'വടി'യായി എന്ന തലക്കെട്ട്കൊടുത്ത് സഹായിക്കണമെന്ന് പ്രിയ പത്രപ്രവര്‍ത്തക സുഹ്രുത്തുക്കളോട് അപേക്ഷിച്ചു കൊണ്ട് ഞാന്‍ ഈ ചെറുകുറിപ്പ് അവസാനിപ്പിക്കട്ടെ.

(എം. ടി. വി. എ. അവാര്‍ഡ് സുവനീര്‍ 2009)

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ